ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ചു പരിക്കേൽപ്പിച്ചു. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയത്.
സലൂണിലെ മാനേജരായ യുവതിക്കാണ് പരിക്കേറ്റത്. നെഞ്ചിൽ വെടിയേറ്റ യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. സംഭവത്തിൽ അബുസൈർ സഫി (30)യെയും ഇയാളുടെ സുഹൃത്ത് അമൻ സുഖ്ലയെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പീഡനക്കേസിൽ ജാമ്യം ലഭിച്ചിറങ്ങിയ പ്രതി അതിജീവിതയെ വെടിവച്ച് പരിക്കേൽപ്പിച്ചു: നെഞ്ചിൽ വെടിയേറ്റ യുവതി ചികിത്സയിൽ
