സേലം: തമിഴ്നാട് യേർക്കാട് കൊക്കയിൽ യുവതിയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ കാമുകനെയും അയാളുടെ രണ്ടു കാമുകിമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ലോഗനായഗി (35) യെ കാമുകനും അയാളുടെ മറ്റു രണ്ടു കാമുകിമാരും ചേർന്ന് വിഷം കുത്തിവച്ച ശേഷം 30 അടി താഴ്ചയുള്ള കൊക്കയിലേക്കു വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ കോച്ചിംഗ് സെന്ററിൽ ജോലി ചെയ്തിരുന്ന ലോഗനായഗിയെ ഈമാസം ഒന്നു മുതലാണു കാണാതായത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 22കാരനായ കാമുകൻ അബ്ദുൾ അബീസിനു യുവതിയുടെ മരണത്തിൽ പങ്കുണ്ടെന്നു കണ്ടെത്തുകയായിരുന്നു.
അബ്ദുളുമായി ലോഗനായഗി പ്രണയത്തിലാണെന്നും യേർക്കാഡിൽ കാണാൻ പോയെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. യേർക്കാഡിൽവച്ച് തന്റെ കാമുകിമാരായ ഐടി ജീവനക്കാരി തവിയ സുൽത്താന (22), നഴ്സിംഗ് വിദ്യാർഥിനി മോണിഷ (21) എന്നിവരുടെ സഹായത്തോടെ ലോഗനായഗിയെ കൊലപ്പെടുത്തുകയായിരുന്നു.
ലോഗനായഗി അബ്ദുളുമായി ബന്ധം വേർപെടുത്താൻ തയാറായില്ലെന്നും ഇസ്ലാം മതം സ്വീകരിച്ച് അൽബിയ എന്നു പേരു മാറ്റാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.