കൊല്ലം: പ്രായ പരിധി അടക്കം കർശനമാക്കി എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിപിഎമ്മിൽ ആലോചന. ഭാരവാഹികൾ അടക്കമുള്ളവർ റാഗിംഗ് ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾക്ക് നേതൃത്വം നൽകിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആലോചന.
സമീപകാലങ്ങളിൽ എസ്എഫ്ഐ ഭാരവാഹികളായവരിൽ പലരും പല ജില്ലകളിലും നടത്തിയ അക്രമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വ്യാപകമായ അവമതിപ്പ് ഉണ്ടാക്കിയതായി സംസ്ഥാന സമ്മേളനത്തിൽ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു.
എസ്എഫ്ഐയിലെ പ്രായപരിധി 25 വയസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കർശനമായി പാലിക്കാനാണ് തീരുമാനം. ബിരുദ പഠനം അടക്കമുള്ളവ കഴിഞ്ഞ് ഗവേഷണ വിഭാഗത്തിലെ വിദ്യാർഥികൾ അടക്കം 25 വയസിന് മുകളിൽ ഉള്ളവർ വിവിധ കാമ്പസുകളിൽ എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊക്കെ സംഘടനയിൽ ഇപ്പോഴും മെമ്പർഷിപ്പും നൽകുന്നുണ്ട്. ഇനി മെമ്പർഷിപ്പിൻന്റെ കാര്യത്തിൽ കർശന പരിശോധനകൾ ഉണ്ടാകും.
എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും അമിത പ്രാധാന്യം നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വയ്ക്കുന്നതെന്നും വിമർശനം ഉയർന്നു. ഇരു സംഘടനകളിലും പ്രവർത്തിക്കുന്നവരിൽ നിരവധി പേരെ പാർട്ടി ബ്രാഞ്ച്, ലോക്കൽ, ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നത് പതിവാണ്.
പക്ഷേ ഇവരുടെ സംഘടനാ ബോധം സംബന്ധിച്ച് കാര്യമായ പരിശോധനകൾ നടക്കുന്നില്ല. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇങ്ങനെ പാർട്ടി കമ്മിറ്റികളിൽ കയറി കൂടുന്നവരുടെ പെരുമാറ്റം പക്വതയില്ലാത്തതാണ്.
ഈ സാഹചര്യത്തിൽ ഇരു സംഘടനകളിൽ നിന്നും പാർട്ടിയിലേക്ക് കൊണ്ടുവരുന്നവരെ മെരിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ ഉൾപ്പെടുത്തുക. ഡിവൈഎഫ്ഐയിലും പ്രായപരിധി 40 എന്നത് കർശനമാക്കും.അതേ സമയം എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുമുണ്ട്.
എസ്.ആർ. സുധീർ കുമാർ