ഒറ്റപ്പാലം: റേഷൻ മുൻഗണന പട്ടികയിൽ കയറിക്കൂടിയ നൂറുകണക്കിന് അനർഹരെ പുറത്താക്കിയതിനൊപ്പം പരാതികളുടെ പ്രവാഹവും കൂടി. അനർഹരെന്നു കണ്ടെത്തിയ 570 പേരെയാണ് ഇതിനകം താലൂക്ക് സ്പ്ലൈ ഓഫീസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പുറന്തള്ളിയത്.മുൻഗണനാ പട്ടികയിൽ ഉൾപെടുത്തി കാർഡ് വിതരണം ചെയ്യുന്നതിനിടെയാണ് ഇത്രയുംപേരെ പുറത്താക്കിയത്. പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു ഇവരുടെ കാർഡുകളിൽ പൊതുവിഭാഗമെന്നു സീൽ ചെയ്താണ് വിതരണം നടത്തുന്നത്.
കാർഡ് വിതരണം ചെയ്തശേഷം അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും. പട്ടിക പുതുക്കുകയും ചെയ്യും. അനർഹരെന്നു കണ്ടെത്തിയാൽ പൊതുവിഭാഗമെന്ന സീൽ അടിക്കാനാണ് സർക്കാർ ഉത്തരവുള്ളത്. ഇതിന്റെ തുടർച്ചയായാണ് അധികൃതർ നടപടി തുടങ്ങിയത്.
രേഖാമൂലം താലൂക്ക് സപ്ലൈ ഓഫീസർക്ക് ഇവർ ഇതിനകം പരാതിയും നല്കി. നിലവിൽ എഴുന്നൂറിനു പുറത്ത് പരാതികൾ ലഭിച്ചതായി താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ പറഞ്ഞു. എന്നാൽ ഇവർ നല്കിയ പരാതികൾ പരിശോധിക്കാനാവശ്യമായ നടപടികളൊന്നും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. പരാതികളിൽ തുടർനടപടികളുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും സർക്കാർതലത്തിൽനിന്നും ഉണ്ടായിട്ടുമില്ല.
