ഇത് തീര്‍ത്തും സംസ്‌കാരശൂന്യമായ പ്രവര്‍ത്തി! പെണ്‍കുട്ടികളുടെ മനസ് വച്ച് കളിക്കരുത്; വധുവിനെ കണ്ടെത്താനായി നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാവുന്നു

പലതരം റിയാലിറ്റി ഷോകള്‍ മലയാളത്തിലുള്‍പ്പെടെ എല്ലാ ചാനലുകളിലും നടത്തിവരുന്നതാണ്. നല്ല ഗായകര്‍, നല്ല നര്‍ത്തകര്‍, നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ റിയാലിറ്റി ഷോയുടെ വിഷയമായി വന്നിട്ടുണ്ട്. എന്നാല്‍ വധുവിനെ കണ്ടെത്താനായി ഒരു റിയാലിറ്റി ഷോ നടത്തുന്നു എന്നത് പലരും അതിശയത്തോടെയാണ് കേട്ടത്. നടന്‍ ആര്യയാണ് തനിക്ക് വധുവിനെ കണ്ടെത്താനായി റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. എന്നാല്‍ ആദ്യം ഉണ്ടായിരുന്ന ആകാംക്ഷ പരിപാടി തുടങ്ങിതോടെ വിമര്‍ശനത്തിന് വഴിമാറുകയാണുണ്ടായത്.

കളേഴ്‌സ് ടിവിയുടെ തമിഴ് ചാനലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. ഒരു ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യപറഞ്ഞിരുന്നു.

ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും ആര്യയെ തേടിയെത്തി. അതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. രണ്ട് മലയാളി പെണ്‍കുട്ടികളും മത്സരിക്കാനുണ്ട്. റിയാലിറ്റി ഷോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പ്രോത്സാഹിപ്പിക്കാവുന്ന ഒരു നടപടിയല്ലിതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

 

Related posts