കുമരകം: വേമ്പനാട്ട് കായല്‍ കൈയേറി സ്വകാര്യ റിസോര്‍ട്ട് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് ഉടമയോട് പണം ആവശ്യപ്പെട്ടു ഭീഷണിമുഴക്കിയ ബിജെപി നേതാവിനെതിരേ കുമരകം പോലിസ് കേസ് എടുത്തു.
ആഴ്ചകള്‍ക്കു മുന്‍പ് കുമരകം ലേക്ക് റിസോര്‍ട്ട് കായല്‍ കല്‍ക്കെട്ട് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായപ്പോള്‍ കുമരകം പഞ്ചായത്ത് സ്റ്റേ നല്‍കുകയും നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കില്‍ റിസോര്‍ട്ട് തല്ലിപ്പൊളിക്കുമെന്നും പറഞ്ഞതായും കാണിച്ചാണ് റിസോര്‍ട്ട് അധികാരികള്‍ പോലീസില്‍ പരാതിനല്‍കിയത്.
അഭിലാഷ് ശ്രീനിവാസന് ആദ്യം നേരിട്ട് റിസോര്‍ട്ടില്‍ എത്തി പണം സംബന്ധിച്ച വിഷയം പറയുകയും അതില്‍ വഴങ്ങാതെ വന്നപ്പോള്‍ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റിന്റെ ലെറ്റര്‍പാഡില്‍ ഭീഷണിക്കത്ത് റിസോര്‍ട്ടിന് നല്‍കിയെന്നുമാണ് എഫ്ഐആര്‍.