ആത്മഹത്യ കൊലപാതകമാക്കി മാറ്റിയത് മാതാപിതാക്കളോ? റിന്‍സിയുടെ മരണം ആത്മഹത്യയാണെന്ന നിലപാടില്‍ ഉറച്ച് പോലീസ്; മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കും

പത്തനാപുരം: പിറവന്തൂർ നല്ലകുളം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി റിൻസി ബിജു(16)വിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിൽ ഉറച്ച് അന്വേഷണ സംഘം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സീനിയർ സർജൻ ഡോ. ശശികലയും, സർജൻ ഡോ.സീനയും പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പരിശോധനയിൽ ആത്മഹത്യയാണെന്ന വിവരങ്ങളാണ് വിദഗ്ധ സംഘം പറയുന്നത്.

എന്നാൽ ശാസ്ത്രീയ പരിശോധനയിലൂടെ മരണത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പെൺകുട്ടിയുടെ മാതാപിതാക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുളള സാധ്യതകൾ തേടും. മരണത്തിലെ ദുരൂഹതയെ പറ്റിയുളള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്‌ഥർ മറുപടി തന്നില്ല .

എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കൊലപാതകമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അച്ഛനമ്മമാരെ പലതവണ ചോദ്യം ചെയ്തിട്ടും ആത്മഹത്യയാണെന്നതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചില്ല. ആത്മഹത്യ കൊലപാതകമാക്കി മാറ്റിയത് മാതാപിതാക്കളാണോ എന്ന ഉറച്ച സംശയത്തിലാണ് പോലീസ് ഇപ്പോഴും.

സംഭവത്തിൽ വ്യക്‌തത വരുത്താൻ റിൻസിയുടെ മാതാപിതാക്കൾ തയാറാകാത്തതും കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നു. മന:ശാസ്ത്ര വിദഗ്ധൻ ഡോ.ഡാർവിന്റെ നേതൃത്വത്തിൽ മാതാപിതാക്കളെ കഴിഞ്ഞ ദിവസം കൗൺസിംലിംഗിന് വിധേയരാക്കിയിരുന്നു. കഴിഞ്ഞ 29ന് പുലർച്ചെ ആറിനാണ് റിൻസിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ് ബീനയാണ് കിടപ്പ് മുറിയിൽ തറയിൽ കിടക്കുന്ന നിലയിൽ റിൻസിയെ കണ്ടത്. ബീന നിലവിളിച്ചതോടെ പിതാവ് ബിജു ഓടിയെത്തി. റിൻസിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണമാല നഷ്‌ടപ്പെട്ടതായും, കിടപ്പു മുറിയുടെ ഒരു വാതിൽ തുറന്ന് കിടന്നിരുന്നതായും മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു .

ഇതോടെ മോഷണ ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് സംശയമുയർന്നു. ഇതേതുടർന്ന് ഫോറൻസിക് സംഘവും ഡോഗ്സ്ക്വാഡും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുളള പ്രത്യേക സംഘവും സ്‌ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തു.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്നാണ് പറഞ്ഞിട്ടുളളത്. കൂടാതെ പെൺകുട്ടിയുടെ ശരീരത്തിൽ കൊലപാതകമാണെന്ന തരത്തിൽ സംശയമുണർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെ ചുറ്റിപറ്റിയാണ് പോലീസ് അന്വേഷണം നടത്തിയത് . മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സീനിയർ സർജനും ആത്മഹത്യയാണന്ന വിവരങ്ങളാണ് നൽകുന്നത് . ആത്മഹത്യയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പോലീസ് അക്കാര്യത്തിൽ വ്യക്‌തത വരുത്താനുളള വഴികളാണ് ഇനി തേടുന്നത്. ജില്ലാ പോലീസ് മേധാവി എസ്. അശോകൻ, പുനലൂർ ഡിവൈഎസ്പി ബി. കൃഷ്ണകുമാർ, പുനലൂർ സിഐ ബിനുവർഗീസ്, എസ്ഐ എസ് ബിനോജ് എന്നിവരും പോലീസ് സർജനൊപ്പമുണ്ടായിരുന്നു.

Related posts