കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്. റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു.
രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസിലാക്കാന്‍ വേണ്ടിയുള്ള കാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെപ്രധാന ഭാഗങ്ങള്‍.
എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏതളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു. സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും വേണം.
തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര ക്കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ചുകൊടുക്കുമ്പോള്, നേരത്തെ നിജപ്പെടുത്തിയ അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് ആവശ്യാനുസരണം നിയന്ത്രിക്കാം.ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്.
കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു.റോബോട്ടിന്റെ ചലനങ്ങള്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്കു ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നു.
കാല്‍മുട്ട് ശസ്ത്രക്രിയയില്‍ റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും, രോഗികള്‍ക്ക് അതുമൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനമുണ്ടോ എന്ന വിഷയത്തില്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. മെഷീന് ലേണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത വിപുലമാകും.
വിവരങ്ങൾക്കു കടപ്പാട്:
- ഡോ. ഉണ്ണിക്കുട്ടൻ ഡി.
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി
ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം