ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകന് രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരങ്ങള്‍. രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സര്‍ദ്രാനാണ് രണ്ടാം സ്ഥാനത്ത്.

