ദുബായിയിൽ താമസമാക്കിയ ഇന്ത്യൻ വ്യവസായി തന്റെ മകൾക്ക് ഒന്നാം പിറന്നാളിനു സമ്മാനമായി നൽകിയത് ഏഴു കോടിയോളം രൂപ വിലവരുന്ന ‘റോൾസ് റോയ്സ്’ കാർ. അതും മകളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിൽ. സതീഷ് സൻപാൽ എന്ന വ്യവസായിയാണ് മകൾ ഇസബെല്ലക്കുട്ടിക്ക് രാജകീയവാഹനം സമ്മനിച്ചത്. യുകെയിൽ നിർമിച്ച കാർ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു.
ഒന്നാം പിറന്നാളുകാരിക്ക് ആശംസകൾ നേരാൻ വന്നവരെക്കുറിച്ച് അറിഞ്ഞാലും അന്പരക്കും. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, അദിഫ് അസ്ലം, നോറ ഫത്തേഹി തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി. അറ്റ്ലാന്റിസിലായിരുന്നു അത്യാഡംബര പിറന്നാൾ ആഘോഷം.
ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി. ബലൂണുകൾ നിറഞ്ഞ ഫ്ളോറിൽ റോൾസ് റോയ്സ് കാർ പാർക്ക് ചെയ്തിരിക്കുന്നതും കാറിന്റെ താക്കോൽ കുഞ്ഞ് ഇസബെല്ലയ്ക്കു കൈമാറുന്നതും കാണാം. കാറിന്റെ ഉൾവശത്ത് “അഭിനന്ദനങ്ങൾ, ഇസബെല്ല’ എന്നെഴുതിയ ബോർഡും വച്ചിരുന്നു.