തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളികള്‍ ഇളക്കി മാറ്റിയ സംഭവം, അടിയന്ത്ര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം സംബന്ധിച്ചും സ്വര്‍ണപാളികളില്‍ സ്വര്‍ണത്തില്‍ കുറവ് വന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയിലിരിക്കുന്ന പല വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതികളുടെ പരിഗണനയിലുള്ള നിരവധി സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ശബരിമല വിഷയം തന്നെ നിരവധി തവണ കോടതിയുടെ പരിഗണനയിലിരിക്കെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കാട്ടുന്ന സമീപനം നിലവിലെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും നിശിതമായി വിമര്‍ശിച്ചു. വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രിമാരുടെ നിലപാടിനെത്തുടര്‍ന്ന് സ്പീക്കര്‍ അവതരാണാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി