തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രിയോടെ വിട്ടയച്ചിരുന്നു.
അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു മേല്‍നോട്ടചുമതല കോടതി നല്‍കിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ്.