പത്തനംതിട്ട: മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പ്രതി ചേര്‍ത്തെങ്കിലും എസ്ഐടി കുറ്റപത്രം കോടതിയില്‍ എത്തുന്നതുവരെ സിപിഎം നടപടിയെടുക്കില്ല. പത്മകുമാര്‍ തെറ്റുകാരനാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇന്നലെ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച സിപിഎം ജില്ലാ കമ്മിറ്റിയിലും ഏരിയാ സെക്രട്ടറിമാരുടെ യോഗത്തിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ വിശദീകരണത്തിനു തുടര്‍ച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം വന്നത്.
കുറ്റം തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെന്നതാണ ്സിപിഎം നയമെന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു വ്യക്തിപരമായ നേട്ടമുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും പാര്‍ട്ടിയുടെ നിഗമനമെന്നാണ ്സൂചന. ശബരിമലയുമായി ബന്ധപ്പെട്ട ഉന്നതരുടെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളികള്‍ ചെമ്പെഴുതി പുറത്തേക്ക് കൊടുത്തുവിട്ടുവെന്നതാണ് പത്മകുമാറിന്റെ പേരില്‍ പാര്‍ട്ടി കണക്കാക്കുന്ന കുറ്റം.
ഉന്നതര്‍ ഇപ്പോഴും പുകമറയ്ക്കുള്ളില്‍ നില്‍ക്കുകയാണെന്നതും പാര്‍ട്ടിക്കു നേട്ടമാകുന്നു. പത്മകുമാറിനൊപ്പം ബോര്ഡംഗങ്ങളായിരുന്നവരെപോലും കേസില്‍ പ്രതി ചേര്‍ക്കാത്തതും ദുരൂഹമാണ്. ബോര്‍ഡ് യോഗത്തിനുശേഷം പത്മകുമാര്‍ നേരിട്ടാണ് മിനിട്ട്സ് എഴുതിയതെന്നും ഇതിലാണ് ചെമ്പുപാളികള്‍ എന്നു രേഖപ്പെടുത്തിയതെന്നുമുള്ള വാദമാണ് ഇതിനു പിന്നിലെന്നു പറയുന്നു.
ജില്ലാ കമ്മിറ്റിയില്‍ നിന്നുപോലും പത്മകുമാറിനെ മാറ്റാന്‍ സിപിഎം തയാറാകാത്തതും കേസുമായി ബന്ധപ്പെട്ട നിലപാടുകളില്‍ അവ്യക്തത പുലര്‍ത്തുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാനാണ് പത്തനംതിട്ടയിലെ ഏരിയാ സെക്രട്ടറിമാരെ അടക്കം സംസ്ഥാന സെക്രട്ടറി വിളിച്ചതെങ്കിലും താഴെത്തട്ടില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തോമസ് ഐസക് ഒഴികെ സിപിഎം സംസ്ഥാന നേതാക്കളാരും പത്തനംതിട്ടയിലേക്ക് എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കത്തിനില്‍ക്കുമ്പോഴും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം മടിച്ചതിനു പിന്നില്‍ സ്വര്ണപ്പാളിവിഷയത്തിലെ വിശദീകരണത്തിലുണ്ടാകുന്ന ആശയക്കുഴപ്പമാണെന്നു പറയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവരും പത്തനംതിട്ടയിലെ പ്രചാരണം ഒഴിവാക്കി.

