കൊച്ചി: ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് സംബന്ധിച്ച ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പണസമാഹരണം നടത്തുന്നത് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.
ക്ഷേത്രാങ്കണത്തില്‍ വിഗ്രഹം വയ്ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെര്‍ച്ച്വല്‍ ക്യൂ പ്ലാറ്റ് ഫോമില്‍ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശം നല്കി. ശബരിമല സ്പെഷല്‍ കമ്മീഷണരുടെ റിപ്പോര്‍ട്ട് പ്രകാരം സ്വമേധയാ എടുത്ത ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്.
തമിഴ്നാട്ടിലെ ഈറോഡിലുള്ള ലോട്ടസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഇ.കെ. സഹദേവനാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്. ഇതിനായി ക്യൂ ആര് കോഡ് സഹിതം തമിഴില്‍ അച്ചടിച്ച നോട്ടീസും പുറത്തിറക്കിയിരുന്നു.
വാദത്തിനിടെ കോടതി ഇന്നലെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം തേടിയിരുന്നു. ആചാരങ്ങളെ ബാധിക്കാത്ത വിധം പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്കാന് നിര്‍ദ്ദേശിച്ച് ദേവസ്വം ബോര്‍ഡ് സെക്രട്ടറി കഴിഞ്ഞ് നാലിന് കത്തയച്ചിരുന്നു. എന്നാല്‍ പണസമാഹരണത്തിന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് എക്സി.ഓഫീസര്‍ വ്യക്തമാക്കി. വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് ജി. ബിജു വിശദീകരിച്ചത്.
തുടര്‍ന്ന് ഇത് സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ലോട്ടസ് ആശുപത്രി ചെയര്മാന് നോട്ടീസിനും നിര്‍ദേശിച്ചു. രണ്ട് അടി ഉയരവും 108 കിലോ തൂക്കവുമുള്ള 9 ലക്ഷം രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ കേരള സര്‍ക്കാരിന്റെ അനുമതി കിട്ടിയെന്നാണ് ആശുപത്രി ഉടമ തമിഴ്നാട്ടിലടക്കം പ്രചരിപ്പിച്ചത്. ഇത് ആരാധനയക്കുള്ളതാണെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. ഇത്തരത്തിലൊന്ന് സ്ഥാപിച്ചാല്‍ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിന്റെ ദിവ്യത്വത്തെ ബാദിക്കുമെന്ന് തന്ത്രി വ്യക്തമാക്കിയതായി സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു.