വിവാഹത്തോടെ അഭിനയരംഗം വിടുകയും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുക യും ചെയ്യുന്ന നടിമാരുടെ കൂട്ടത്തിലേക്കു നടി സംവൃത സുനിലും എത്തുന്നു. അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ഇന്നും സംവൃത സുനിലോടുണ്ട്. 2000 കാലഘട്ടത്തിൽ വന്ന നടിമാരിൽ പ്രേക്ഷക മനസിൽ വലിയ ഇടം നേടിയ നായികാ നടിയാണ് സംവൃത സുനിലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
സംവൃതയ്ക്ക് ശേഷം പല നടിമാർക്കും ഹിറ്റുകൾ ലഭിച്ചെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല. ഇന്നത്തെ പുല മുൻനിര നായിക നടിമാരുടെ പേര് പോലും കുടുംബ പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ കരിയറിൽ പതിയെയായിരുന്നു വളർച്ചയെങ്കിലും സംവൃതയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാഹം. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിനു സംവൃത സുനിൽ ശ്രദ്ധ കൊടുത്തു. അഗ്സത്യ, രുദ്ര എന്നിവരാണ് സംവൃതയുടെ മക്കൾ. ജീവിതം യുഎസിലേക്ക് പറിച്ച് നട്ട സംവൃത ഇടയ്ക്ക് നാട്ടിലെത്താറുണ്ടായിരുന്നു. 2018 ൽ നായികാ നായകൻ എന്ന ഷോയിൽ ജഡ്ജായി സംവൃത എത്തി.
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019 ൽ സംവൃത തിരിച്ചു വന്നെങ്കിലും വീണ്ടും ഇടവേളയെടുക്കുകയായിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് സംവൃത. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.
എന്ത് കൊണ്ടാണ് സിനിമാ രംഗത്ത് നിന്നു വീണ്ടും നീണ്ട ഇടവേളയെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. താത്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വൈകാതെ നിങ്ങളെന്നെ കാണും എന്നാണ് സംവൃത മറുപടി നൽകിയത്.