കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയ കേസിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിക്ക് ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി. എൻ. ഹേമലത ജാമ്യം അനുവദിച്ചത്.
മേലിൽ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നൽകി.
കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. ഫേസ്ബുക്ക് പേജിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരേ കേസ് എടുത്തിരുന്നത്.