കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്മുവിന്റെ ശബരിമല സന്ദര്ശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലും ഒരുക്കങ്ങള് തകൃതി. 18ന് എത്തി 19ന് മടങ്ങുന്ന രീതിയിലാണു സന്ദര്ശനം.
സംസ്ഥാന പോലീസിന്റെ നിര്ദേശപ്രകാരം ജില്ലയില് സ്പെഷല് ബ്രാഞ്ച് മുന്നൊരുക്കള് ആരംഭിച്ചു. 18ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി കുമരകത്തായിരിക്കും താമസിക്കുന്നത്. കൊച്ചിയില്നിന്ന് റോഡ് മാര്ഗം അല്ലെങ്കിൽ ഹെലികോപ്റ്ററിൽ കുമരകത്ത് എത്താവുന്ന രീതികള് പോലീസ് പരിശോധിക്കുന്നു.
കുമരകത്തു താമസിച്ചശേഷം ശബരിമലയിലേക്കുള്ള യാത്രാമധ്യേ പാലായിലെ പ്രമുഖ കോളജിന്റെ ജൂബിലി ആഘോഷ പരിപാടികളില് പങ്കെടുക്കുന്നതായും വിവരമുണ്ടെങ്കിലും ഇക്കാര്യത്തില് രാഷ്ട്രപതിഭവന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര് പറയുന്നത്. കുമരകത്തുനിന്ന് പാലായിലേക്കും ശബരിമലയിലേക്കും റോഡ് മാര്ഗമായിരിക്കും രാഷ്ട്രപതി പോകുന്നത്.
എരുമേലി, പമ്പ വഴിയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതു കൂടാതെ ഇക്കാര്യത്തിലുള്ള പല സാധ്യതകളും പോലീസ് അന്വേഷിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലോ പീരുമേട്ടിലോ ഹെലികോപ്റ്ററില് എത്തിയതിനു ശേഷം റോഡ് മാര്ഗം എരുമേലിക്കു പോകുന്നതിനുള്ള സാധ്യതകളും പോലീസ് തേടുന്നുണ്ട്. അതേസമയം യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.