കൊല്ലം: രാജ്യത്ത് അവകാശപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയത് 67,000 കോടി രൂപ. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് മുന്നിൽ.2025 ജൂൺ 30 വരെ ഇന്ത്യൻ ബാങ്കുകൾ 67,000 കോടിയിലധികം രൂപയുടെ അവകാശപ്പെടാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റി.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ മാത്രം ഇത്തരത്തിലുള്ള നിക്ഷേപം 58, 330.26 കോടി രൂപയാണ്. മുന്നിൽ നിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 19,329. 92 കോടിയുടെ നിക്ഷേപമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് -6,910.67 കോടി, കാനറ ബാങ്ക് 6,278 .14 കോടി എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.
സ്വകാര്യ മേഖലയിലെ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപത്തുകകൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 8,673.22 കോടി രൂപയാണ് ഇവർ കൈമാറിയിട്ടുള്ളത്.സ്വകാര്യ മേഖലയിൽ 2,063.45 കോടിയുമായി ഐസിഐസിഐ ബാങ്കാണ് മുന്നിൽ.എച്ച്ഡിഎഫ്സി ബാങ്ക് – 1,609.56 കോടി, ആക്സിസ് ബാങ്ക് 1,360. 16 കോടി എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ആർബിഐ നിയമ പ്രകാരം സേവിംഗ്സ്, കറണ്ട് അക്കൗണ്ടുകളിലെ 10 വർഷത്തെ നിഷ്ക്രിയ ബാലൻസുകളും കാലാവധി പൂർത്തിയാക്കിയതിന് ശേഷം 10 വർഷത്തേക്ക് ക്ലയിം ചെയ്യാത്ത ടേം ഡിപ്പോസിറ്റുകളും ആണ് അവകാശപ്പെടാത്തതായി തരംതിരിച്ച് ഡിഇഎ ഫണ്ടിലേക്ക് മാറ്റുന്നത്.
എന്നാൽ ബാങ്കിംഗ് ഇത ധനകാര്യ കമ്പനികൾക്ക് (എൻബിഎഫ്സി ) ഇത്തരം കൈമാറ്റങ്ങൾ നടത്തേണ്ടതില്ല. ക്ലയിം ചെയ്യാത്ത അക്കൗണ്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കാനും ഉപഭോക്താക്കളെയോ അവരുടെ നിയമപരമായ അവകാശികളെയോ ട്രാക്ക് ചെയ്യാനും പരാതി പരിഹാര സംവിധാനങ്ങൾ ഏർപ്പെടുത്താനും ബാങ്കുകളോട് ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യാത്ത തുകകൾ തെരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന യുഡിജിഎം പോർട്ടലും ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈ ഒന്നുവരെ 8,59,683 പേർ പോർട്ടലിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ