കൊച്ചി: സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ചെറുകടി വാങ്ങുന്നതിനുള്ള ഫണ്ട് വിദ്യാവാഹിനി പദ്ധതിയിലേക്ക് വകമാറ്റിയതുമൂലം പല ജില്ലകളിലേയും ഫെസിലിറ്റേറ്റര്‍മാര്‍ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. അഞ്ചു മാസമായി കണ്ണൂര്‍ ജില്ലയിലും ആറു മാസമായി ഇടുക്കിയിലും ഫണ്ട് ലഭിച്ചിട്ടില്ല.
മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി വിദ്യാര്‍ഥികളെ ഉന്നതികളില്‍നിന്നും സ്കൂളുകളില്‍ എത്തിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഉന്നതികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണ് പട്ടിക വിഭാഗത്തില്‍പെട്ടവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെ എത്തിക്കുന്നത്. സാമൂഹിക പഠനമുറിയിലേക്ക് ലഭിക്കേണ്ട ഫണ്ട് ഇതിലേക്ക് വകമാറ്റിയിരിക്കുകയാണെന്നാണ് ഫെസിലിറ്റേറ്റര്‍മാര്‍ പറയുന്നത്.
സാമൂഹിക പഠനമുറിയിലെ ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട് നല്‍കുന്നത്. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്നാണ് ലഘു ഭക്ഷണ പദ്ധതിക്കായി തുക കണ്ടെത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും മറ്റു ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പഠനം. അവധിക്കാലം ആയതിനാല്‍ നിലവില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലാസ്.
ആദിവാസി ഉന്നതികളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് വിവിധ ജില്ലകളിലായി 364 സാമൂഹിക പഠന മുറികളാണ് തുറന്നിരിക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക്, ഭാഷാപരമായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്റെ ഭാഗമായി 2017 ലാണ് പദ്ധതി ആരംഭിച്ചത്.
ഒരു പഠന കേന്ദ്രത്തില്‍ ചുരുങ്ങിയത് 30 കുട്ടികള്‍ക്കെങ്കിലും പ്രയോജനപ്രദമാകും വിധം ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരുമിച്ചിരുന്ന് പഠിക്കാം. ഗൃഹപാഠങ്ങള്‍ ചെയ്യാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഫെസിലിറ്റേറ്റര്മാരായിട്ടുള്ളത്. ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പ്രതിമാസം 15,000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. അതേസമയം ഫെസിലിറ്റേറ്റര്മാരില് പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമൂഹിക പഠന മുറികളുള്ളത് വയനാട് ജില്ലയിലാണ്. ഇവിടെ 50 ഓളം സാമുഹിക പഠന മുറികളാണുള്ളത്.
സീമ മോഹന്‍ലാല്‍