കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ചതോടെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ അങ്കലാപ്പില്‍. സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ആഴ്ചയില്‍ ഒരു ദിവസം എഗ് ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയാറാക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉത്തരവിറക്കിയിരിക്കുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ്, വിളര്‍ച്ച (അനീമിയ), മറ്റ് ന്യൂന പോഷക രോഗാവസ്ഥകള്‍ എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മെനു പരിഷ്ക്കരണം.
കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ എല്ലാ തരത്തിലുമുള്ള പോഷക ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മികച്ച മെനുവാണ് തയാറായിരിക്കുന്നതെങ്കിലും പാചകത്തൊഴിലാളികളില്‍ പലര്‍ക്കും ഇവ ഉണ്ടാക്കാന്‍ അറിയില്ലെന്നതാണ് വാസ്തവം. എഗ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ്, വെണ്ടയ്ക്ക മപ്പാസ് , വെജിറ്റബിള്‍ മോളി, വെജ് ഫ്രൈഡ് റൈസ് എന്നിവ ഉണ്ടാക്കാന്‍ പലര്‍ക്കും അറിയില്ലെന്ന് സ്കൂള്‍ പാചകത്തൊഴിലാളികള്‍ തന്നെ പറയുന്നു.
ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരും. പ്രായമായ പാചക തൊഴിലാളികള്‍ക്ക് യൂട്യൂബില്‍ നോക്കി ഇനി പാചകം പഠിക്കാനും സാധിക്കില്ല. സ്മാര്‍ട്ട് ഫോണുകള്‍ കൈകാര്യം ചെയ്യാന്‍ പലര്‍ക്കും അറിയില്ല.
500 കുട്ടികള്‍ക്ക് പാചകം ചെയ്യാനായി ആറ് തൊഴിലാളികള്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനയിലുള്ളത്. നിലവില്‍ 500 വിദ്യാര്‍ഥികള്‍ക്ക് ഒരു പാചകതൊഴിലാളി എന്ന നിലയിലാണ് സംസ്ഥാനത്തെ നിയമനം. 500 നു മുകളില്‍ കുട്ടികളുളള സ്കൂളുകളില്‍ രണ്ടു പാചകത്തൊഴിലാളികളെയുമാണ് നിയമിച്ചിരിക്കുന്നത്. പലരും സ്വന്തം ശമ്പളത്തില്‍ നിന്ന് നല്കി മറ്റൊരാളെക്കൂടി സഹായത്തിനായി വച്ചാണ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 600 രൂപയാണ് സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ദിവസക്കൂലി.
വര്‍ഷത്തിലൊരിക്കല്‍ അമ്പത് രൂപ വീതം തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനവ് നല്‍കിയിരുന്നത് കഴിഞ്ഞ നാലുവര്‍ഷമായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് സ്കൂള്‍ പാചകത്തൊഴിലാളികള്‍ പറയുന്നത്. പരിഷ്ക്കരിച്ച മെനുവിലെ വിഭവങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നും പകരം കൂടുതല്‍ പേരെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. തൊഴിലാളി എന്നതല്ലാതെ സ്കൂള്‍ സ്റ്റാഫ് ആയി ഇവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല; അതിനാല്‍ ഇവര്‍ക്ക് പെന്‍ഷനുമില്ല.
സ്കൂള്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി കണ്ടു വരുന്നതിനാല്‍ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മേയ് മാസത്തിലാണ് പുറത്തുവന്നത്. എന്നാല്‍ പുതിയ മെനു ഇതിനു കടകവിരുദ്ധമാണ്. പുതിയ മെനു പ്രകാരം കൂടുതല്‍ എണ്ണ ഉപയോഗിക്കേണ്ടിവരുമെന്ന് പാചകത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
- സീമ മോഹന്‍ലാല്‍