കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പുതുക്കിയ ഉച്ച ഭക്ഷണ മെനു നാളെ മുതല്‍ നടപ്പിലാക്കുമ്പോള്‍ തേങ്ങ, വെളിച്ചെണ്ണ വിലയില്‍ പകച്ച് നില്‍ക്കുകയാണ് അധ്യാപകര്‍. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പരിപാടിക്കായാണ് പുതിയ മെനു നടപ്പിലാക്കുന്നത്.
കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.പ്രീ പ്രൈമറി മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ക്ക് 6.78 രൂപയും ആറു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്ക് 10.17 രൂപയുമാണ് പാചകച്ചെലവിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന നിരക്ക്.
പുതിയ മെനുവിലെ വിഭവങ്ങള്‍ ഒരുക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. കാരണം ഇന്ന് ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 രൂപയും ഒരു കിലോ തേങ്ങയ്ക്ക് 85 രൂപ മുതല്‍ 90 രൂപ വരെയുമാണ് വിപണി വില.
സ്കൂള്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി കണ്ടുവരുന്നതിനാല്‍ ഉച്ച ഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ഇക്കഴിഞ്ഞ മേയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ മെനു ഇതിനു കടകവിരുദ്ധമാണ്. പുതിയ മെനു പ്രകാരം കൂടുതല്‍ എണ്ണ ഉപയോഗിക്കേണ്ടിവരുന്ന വിഭവങ്ങളാണ് ഉണ്ടാക്കേണ്ടത്.
കാബേജ് തോരന്‍, സാമ്പാര്‍, പരിപ്പുകറി, ചീര തോരന്‍, കടല മസാല, കോവയ്ക്ക തോരന്‍, ഓലന്‍, വാഴയ്ക്ക തോരന്‍, സോയക്കറി, കാരറ്റ് തോരന്‍, വെജിറ്റബിള്‍ കുറുമ, ബീറ്റ് റൂട്ട് തോരന്‍, തീയല്‍, ചെറുപയര്‍ തോരന്‍, എരിശേരി, മുതിര തോരന്‍, മുരിങ്ങയില തോരന്‍, മുട്ട അവിയല്‍, മുട്ട റോസ്റ്റ്, പൈനാപ്പിള്‍ പുളിശേരി, കൂട്ടുകറി, പനീര്‍ കറി, നീളന്‍ പയര്‍ തോരന്‍, ചക്കക്കുരു പുഴുക്ക്, വെള്ളരിക്ക പച്ചടി, വന്‍ പയര്‍ തോരന്‍, വെണ്ടയ്ക്ക മപ്പാസ്, കോക്കനട്ട് റൈസ്, എഗ് ഫ്രൈ ഡ്രൈയ്സ്, വെജിറ്റബിള്‍ മോളി, സ്പെഷല്‍ വിഭവങ്ങളായ അവല് നനച്ചത്.
ഇല അട, ചമ്മന്തി വിഭവങ്ങള്‍ തുടങ്ങിയവയെല്ലാമാണ് പരിഷ്ക്കരിച്ച മെനുവിലെ വിഭവങ്ങള്‍. ഇവയെല്ലാം തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ ഉണ്ടാക്കാനാവില്ല. അതിനാല്‍ തന്നെ പാചകത്തൊഴിലാളികളും അധ്യാപകരും പ്രതിസന്ധിയിലായിരിക്കുകയാണ്.
കമ്പോള നിലവാരമനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
- സീമ മോഹന്‍ലാല്‍