കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് അനുവദിക്കുന്ന തുക(മെറ്റീരിയല്‍ കോസ്റ്റ്) യുടെ കേന്ദ്രനിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്തും നിരക്ക് മാറ്റം. കേന്ദ്രനിരക്ക് കൂട്ടിയതിനാല്‍ സംസ്ഥാനം നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായി.
സപ്ലിമെന്ററി ന്യൂട്രീഷന്‍ പരിപാടി ഒഴികെയുള്ള തുകയിലാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. ഇതു പ്രകാരം സംസ്ഥാനത്ത് മെറ്റീരിയല്‍ കോസ്റ്റ് പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടിക്ക് 10.17 രൂപയുമായി നിരക്ക് പുതുക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
2024 വര്‍ഷത്തില്‍ എല്‍പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 6.19 രൂപയും യുപി വിഭാഗത്തിന് 9.19 രൂപയുമായിരുന്നു നിരക്ക്. 2023ല്‍ എല്‍പി വിഭാഗത്തിന് ആറ് രൂപയായിരുന്നു ഉച്ചഭക്ഷണ പാചക ചെലവിനായി അനുവദിച്ചിരുന്നത്. യുപി വിഭാഗത്തിന് 8.17 രൂപ ആയിയിരുന്നു പഴയ നിരക്ക്. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാചകവാതകം, കടത്തുകൂലി തുടങ്ങിയവയ്ക്കുള്ള തുകയാണ് സര്‍ക്കാര്‍ നല്കി വരുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത് എല്‍പി വിഭാഗത്തിലാണ്. പ്രൈമറി വിഭാഗത്തിലെ തുക ചുരുങ്ങിയത് 9.30 രൂപയായി വര്‍ധിപ്പിക്കണമെന്നും സംസ്ഥാന പോഷകാഹാര പദ്ധതിയുടേത് ആറു രുപയായി വര്‍ധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രധാനാധ്യാപകര്‍ സ്കൂളുകളിലെ കുടിവെള്ള പരിശോധന നടത്തണമെന്ന് ഡിജിഇ യുടെ ഉത്തരവില്‍ പറയുന്നില്ല. അതിനാല്‍ കുടിവെള്ള പരിശോധനയ്ക്ക് ആവശ്യമായ തുക അനുവദിച്ചിട്ടുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കുടിവെള്ള പരിശോധന നടത്തുവാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സീമ മോഹന്‍ലാല്‍