ഓൺലൈൻ വ്യാപാരത്തിൽ ഉപഭോക്താവ് കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ സാധാരണമാണ്. ഓർഡർ ചെയ്ത സാധനങ്ങളാവില്ല പലപ്പോഴും ലഭിക്കുന്നത്. പരാതിപ്പെട്ടാൽ പരിഹരിക്കാൻ ആഴ്ചകളെടുക്കും. ചിലപ്പോൾ ഉപഭോക്താവിന്റെ പണം നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. സമാനസംഭവത്തിൽ തനിക്കു നേരിട്ട ദുരനുഭവം പ്രിയാൻഷ് എന്ന യുവാവ് തുറന്നുപറഞ്ഞതു സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഹിമാചൽ പ്രദേശിലാണു സംഭവം.
പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ ഓർഡർ ചെയ്ത യുവാവിനു ലഭിച്ചത് സ്ത്രീകളുടെ അടിവസ്ത്രമായിരുന്നു. തനിക്കു ലഭിച്ചതു തെറ്റായ സാധനങ്ങളാണെന്നു യുവാവ് പരാതിപ്പെട്ടിട്ടും ഓൺലൈൻ കന്പനി പണം തിരികെ കൊടുക്കാനോ, അടിവസ്ത്രം മാറ്റിനൽകാനോ തയാറായില്ല.
ഇതിൽ പ്രകോപിതനായ യുവാവ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച സെൽഫിയെടുത്ത് എക്സിൽ പങ്കുവച്ചു. തനിക്കു നേരിട്ട ദുരനുഭവം ഇതിനൊപ്പം വിശദമായി കുറിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എത്തിയ യുവാവിന്റെ പോസ്റ്റിന് വൻ പ്രതികരണമാണു ലഭിച്ചത്. കന്പനിക്കെതിരേ വന്പൻ ട്രോളുകളും ഉണ്ടായി.