പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്‍ക്കര കൂടിയേ തീരൂ. ഒാണക്കാലമായതോടെ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്‍ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം.
ഏറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്‍ക്കാര്‍ കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്‍ണമായി ജൈവമധുരമുള്ള ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്.
ശർക്കര അത്ര എളുപ്പമല്ല
പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില്‍ കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര്‍ ജൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ് ഉപയോഗിക്കുന്നത്.
വറ്റിച്ചെടുത്ത ജ്യൂസ് തടിമരവിയിലേക്ക് ഒഴിച്ചുകഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ നല്ലതുപോലെ ഇളക്കി ചെറു ചൂടോടെ കുമ്മായം കൂട്ടി ഉരുട്ടിയെടുക്കും. ഒരു ഉരുള 100 ഗ്രാമുണ്ടാകും. വില കിലോയ്ക്ക് 200 രൂപ. ജീരകം, ഏലയ്ക്ക, ചുക്ക് എന്നിവ ചേര്‍ത്ത് മൂല്യവര്ധിതമാക്കിയും വില്‍ക്കുന്നുണ്ട്. ഇതിന് വില 250 രൂപ.
പായസം, കൊഴുക്കട്ട, ഇലയട തുടങ്ങി രൂചികരമായ ഭക്ഷണസാധങ്ങള്‍ ഉണ്ടാക്കുവാന്‍ ശര്‍ക്കരയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നു ജോസ് പറയുന്നു. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകനാണ് ജോസ്. പൂര്‍വികരുടെ കാലത്തേ കുടുംബത്തിനു കരിമ്പുകൃഷിയും ശര്ക്കരനിര്മാണവുമുണ്ടായിരുന്നു. പൂർവികർ ചെയ്ത തൊഴിലിനെ തിരികെയെത്തിക്കാനുള്ള ആഗ്രഹത്തിലാണ് കരിമ്പിന്പാടവും ശര്‍ക്കരയും വീണ്ടെടുത്തത്.
- ജിബിന്‍ കുര്യന്