തിരുവനന്തപുരം/കൊല്ലം: ശാസ്താംകോട്ട തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തേക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉണ്ടാകും.സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനാധ്യാപികയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും സ്കുളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങളായി സ്കുളിന് സമീപത്തെ വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലാണ് , അത് പരിഹരിക്കാന്‍ പ്രധാനാധ്യാപികയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായില്ല. പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം.
ഈ വര്‍ഷം സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് മതിയായ പരിശോധനകള്‍ നടത്താതെയാണെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡിഡിഇയുടെ (ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍) അന്തിമ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും.
അതേസമയം, പൊലീസ് ഇന്ന് സ്കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും മരിച്ച വിദ്യാര്‍ഥി മിഥുനിന്റെ സഹപാഠികളുടെയും മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്കൂളില്‍ ഇന്ന് വീണ്ടും വിശമായ പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളില്‍ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
വ്യാഴാഴ്ച രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടയിലാണ് കൊല്ലം തേവലക്കര ബോയ്സ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേല്‍ക്കുന്നത്. സ്കൂളിലെ സൈക്കിള്‍ ഷെഡിന്റെ ഷീറ്റ് മേല്‍ക്കൂരയ്ക്ക് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്.