കോഴിക്കോട്: ഓണം ഓഫർ കൊടുത്ത കടയിലേക്ക് ആളുകളുടെ കൂട്ട ഇടി. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്തെ വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ചതോടെ കടയിലേക്ക് ആളുകളുടെ ഒഴുക്ക് ആയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചുകയറി.
തിക്കിലും തിരക്കിലും ഗ്ലാസ് തകർന്ന് വീണ് പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി.