ചെങ്ങന്നൂർ: കണക്കുകൂട്ടലിൽ മറ്റുള്ളവരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന ഒരാൾ പാണ്ടനാടുണ്ട്. പതിനാലുകാരൻ സിദ്ധാർഥ് ആർ. പിള്ള. 2010നും 2030നും ഇടയിലുള്ള ഏതു തീയതി ചോദിച്ചാലും നിമിഷങ്ങൾക്കകം ഏതു ദിവസമാണെന്നു കൃത്യമായി പറഞ്ഞുതരും.പാണ്ടനാട് നോർത്ത് തൈലത്തിൽ രതീഷ് വി. പിള്ളയുടെയും ലക്ഷ്മി നായരുടെയും മൂത്തമകനായ സിദ്ധാർഥ്, പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
നാലാം വയസിൽത്തന്നെ സിദ്ധാർഥിന്റെ ഈ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. മുൻപ് നടന്ന സംഭവങ്ങളുടെ തീയതികൾ ഏതു ദിവസമാണെന്ന് അവൻ ചെറുപ്പത്തിൽത്തന്നെ ഓർത്തു വച്ചിരുന്നുവെന്ന് അമ്മ ലക്ഷ്മി പറയുന്നു.എങ്ങനെയാണ് ഈ കഴിവ് നേടിയത് എന്നു ചോദിച്ചാൽ സിദ്ധാർഥിന്റെ മറുപടി ലളിതമാണ് – കൂട്ടലും കിഴിക്കലും.
വേറിട്ട കഴിവുകൾ
കലണ്ടറിലെ ദിവസങ്ങൾ ഓർത്തുവയ്ക്കുക മാത്രമല്ല, ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ സ്ഥലങ്ങൾ കണ്ടെത്താനും സിദ്ധാർഥിന് അപാരമായ കഴിവുണ്ട്. ഒരു സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കി മനസിലാക്കിയ ശേഷം പിന്നീട് മാപ്പിന്റെ സഹായമില്ലാതെ കണ്ടെത്താൻ സാധിക്കും. വിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാർ മാപ്പിനെക്കുറിച്ചും അതിലൂടെ വിമാനങ്ങൾ പോകുന്ന വഴികളെക്കുറിച്ചും സിദ്ധാർഥിനു വ്യക്തമായ ധാരണയുണ്ട്. ഒരു ട്രാവൽ വ്ലോഗർ ആകാനാണ് സിദ്ധാർഥിന്റെ ആഗ്രഹം.
പ്രതീക്ഷയോടെ കുടുംബം
സിദ്ധാർഥിന്റെ ഈ കഴിവുകൾ തിരിച്ചറിഞ്ഞ സ്കൂളിലെ പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പ് അവനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിശേഷ ദിവസങ്ങളും മറ്റും ഓർത്തു വയ്ക്കാനുള്ള കഴിവും അവനുണ്ടെന്ന് ടീച്ചർ പറയുന്നു. സിദ്ധാർഥിന്റെ മുത്തശിയും ഇതേ സ്കൂളിലെ മുൻ അധ്യാപികയുമായ ഓമനയമ്മയും സിദ്ധാർഥിന്റെ കഴിവിൽ അതീവ സന്തോഷത്തിലാണ്.
കണക്കിലെ കണക്കുകൂട്ടലുകൾക്കപ്പുറം, ദിശാബോധത്തിലും റഡാർ മാപ്പുകളെക്കുറിച്ചുള്ള അറിവിലും സിദ്ധാർഥ് കാണിക്കുന്ന ഈ വൈഭവം ഭാവിയിൽ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുടുംബം.