പരവൂർ: ദേശീയ പാതകളിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിയ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നു. നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യയുടേതാണ് (എൻഎച്ച്എഐ)യുടേതാണ് തീരുമാനം.യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം സമ്മാനിക്കുക എന്നതാണ് ഇതുവഴി അഥോറിറ്റി ലക്ഷ്യമിടുന്നത്.
യാത്രയ്ക്കിടയിൽ വാഹനം നിർത്തി മൊബൈൽ ഫോൺ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്താൽ അത്യാവശ്യ വിവരങ്ങൾ എല്ലാം ഇനി വിരൽത്തുമ്പിൽ എത്തും.ദേശീയപാതയുടെ നമ്പർ, റോഡിന്റെ പൂർണ വിവരങ്ങൾ, നിർമാണ കാലയളവ്, ഹൈവേ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ, അടിയന്തര ഹെൽപ്പ് ലൈൻ നമ്പരുകൾ ഒക്കെ ഒറ്റ സ്കാനിംഗിൽ അറിയാൻ സാധിക്കും.
സ്കാൻ ചെയ്യുന്ന ലൊക്കേഷൻ പരിധിയിലുള്ള പ്രധാനപ്പെട്ട ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, പെട്രോൾ പമ്പുകൾ, ശുചിമുറികൾ, പ്രധാന റസ്റ്ററന്റുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ, വാഹന വർക്ക്ഷോപ്പുകൾ എന്നിവയുടെ വിവരങ്ങളും കിട്ടും. അടിയന്തിര ആവശ്യത്തിന് ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പരുകളും ലഭിക്കും.
ഹൈവേകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ പോയിന്റുകൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, ടോൾ പ്ലാസകൾ, ട്രക്കുകൾ കൂട്ടമായി നിർത്തിയിടുന്ന സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പാതയോരങ്ങളിൽ ഇത്തരം സൈൻ ബോർഡുകൾ സ്ഥാപിക്കുക.
റോഡ് സുരക്ഷ വർധിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സഹായം പരമാവധി വേഗത്തിൽ ലഭ്യമാക്കുക എന്നിവ ഇതുവഴി സാധിക്കുമെന്നാണ് അഥോറിറ്റിയുടെ കണക്കുകൂട്ടൽ. മാത്രമല്ല ഇത്തരം സൈൻ ബോർഡുകളിൽ പരസ്യം ചെയ്യുന്നതിന് അനുമതി നൽകുന്നതും അഥോറിറ്റി ആലോചിക്കുന്നുണ്ട്. ഇതുവഴി വരുമാന വർധനയും അവർ ലക്ഷ്യമിടുന്നു.
ബോർഡുകൾ എന്നുമുതൽ സ്ഥാപി ക്കും എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം അധികൃതർ നടത്തിയിട്ടില്ല. ദീപാവലിക്ക് ഡൽഹി -മുംബൈ എക്സ്പ്രസ് ഹൈവേയിലായിരിക്കും ആദ്യം സൈൻ ബോർഡുകൾ സ്ഥാപിക്കുക എന്നാണ് സൂചന. 2026-ൽ രാജ്യത്താകമാനം പദ്ധതി വ്യാപിപ്പിച്ച് പൂർത്തീകരിക്കും.
- എസ്.ആർ. സുധീർ കുമാർ