റിയാദ്: ഇസ് ലാമിക രാജ്യമായ സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യം വിൽക്കുന്നതിനും കുടിക്കുന്നതിനുമുള്ള നിരോധനം നീക്കുന്നു. എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾക്കായി തയാറെടുക്കുന്ന രാജ്യം, 2026 മുതൽ രാജ്യത്ത് മദ്യത്തിന്റെ നിയന്ത്രിത വാങ്ങലും വിൽപ്പനയും അനുവദിച്ചുകൊണ്ട് മദ്യനിരോധനം പിൻവലിക്കാനാണു തീരുമാനം.
ബിയർ, വൈൻ, സൈഡർ തുടങ്ങിയ ലഹരിപാനീയങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കൂ. ഉയർന്ന അളവിൽ മദ്യം അടങ്ങിയ പാനീയങ്ങളുടെ വിൽപ്പന ഇപ്പോൾ ഉണ്ടാകില്ല. ഇതോടൊപ്പം, വീടുകളിലോ കടകളിലോ പൊതു സ്ഥലങ്ങളിലോ മദ്യം അനുവദിക്കില്ല. വ്യക്തിഗത മദ്യ ഉത്പാദനത്തിനും വിലക്കുണ്ടാകും.
ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദസഞ്ചാരികൾക്ക് ഭക്ഷണം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 600 സ്ഥലങ്ങളിലാണ് വൈൻ വിൽപ്പന അനുവദിക്കുക. സൗദി അറേബ്യ പുതുതായി നിർമിച്ച നിയോം നഗരം, സിൻഡാല, റെഡ് സീ പ്രോജക്റ്റ് എന്നിവിടങ്ങളിൽ മദ്യവിൽപ്പന അനുവദിക്കും.