വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, ലക്ഷ്യത്തിൽ എത്തും മുൻപ് തകർന്നെന്ന് സ്പേസ് എക്സ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചത്.
ലാന്‍ഡിംഗിനു മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പേസ് എക്സ് വ്യക്തമാക്കി. അതേസമയം ഇത് തിരിച്ചടി അല്ലെന്നും വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.
2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.
മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ക്കായാണു തയാറാക്കുന്നത്.