തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഡോക്ടർമാരുടെ സംഘടന. ശ്രീറാമിന്റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്ന് വാദം തെറ്റ്. ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. പോലീസ് റിപ്പോർട്ടിനെതിരെ കെജിഎംഒഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു.പോലീസിന്റെ കുറ്റകരമായ അനാസ്ഥ മറയ്ക്കാനുള്ള ശ്രമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടെന്ന് ആരോപണം ഉയർന്നിരുന്നു. രക്ത പരിശോധന നടത്താത്തതിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. എന്നാൽ കേസ് നമ്പർ അടക്കം നൽകാതിരുന്ന പോലീസ് നടപടിയിലെ വീഴ്ചകളെ കുറിച്ചു റിപ്പോർട്ടിൽ പറയുന്നില്ല.
പ്രാഥമികാന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടെന്നാണ് സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് ആരോപിക്കുന്നത്.
