കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സുഗമമാക്കാന്‍ പഠന പിന്തുണാ പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തനങ്ങളും അതിന്റെ വിലയിരുത്തല്‍ പ്രക്രിയയും രൂപപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്മുറിക്കുള്ളിലും പുറത്തുമായി അനുഭവാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ അറിവുനിര്മാണ പ്രക്രിയ നടക്കുന്ന വികാസപ്രദ വിലയിരുത്തലിന്റേയും (Formative Assessment) ആത്യന്തിക വിലയിരുത്തലിന്റേയും (Surmative Assessment) ഭാഗമായി വിലയിരുത്തി പഠനപിന്തുണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോഴേ എല്ലാ പഠിതാക്കളെയും പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങളിലേക്ക് എത്തിക്കാനാവൂ.
അധ്യയനവര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ നേടേണ്ട പഠനലക്ഷ്യങ്ങള്‍ ആര്‍ജിക്കാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രസ്തുത ക്ലാസിലെ പഠനത്തിന് വിലങ്ങുതടിയാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അതത് ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടര്‍പഠനം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ വിദ്യാലയവും അധ്യാപകരും ഏറ്റെടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തിലുള്ളത്. ഇതിനായി ഓരോ വിദ്യാലയത്തിലം നടപ്പാക്കേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങളുടെ സമയക്രമവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
അക്കാദമിക മോണിറ്ററിംഗില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡിഡിഇ, ഡിഇഒ, സമഗ്ര ശിക്ഷാ ഡിപിസി. മിഷന് കോഡിനേറ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാസമിതി അതത് ജില്ലകളില്‍ പഠനപിന്തുണാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്‍കണം. ചുമതലപ്പെട്ട എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം. പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അക്കാദമിക ഇടപെടലുകള്‍ ഡയറ്റും സമഗ്രശിക്ഷയും സംയുക്തമായി നടത്തണം.
കുട്ടികളുടെ പഠനപുരോഗതി ഡിജിറ്റല്‍ തെളിവുകളുടെയും ക്ലാസ് പ്രവര്‍ത്തനങ്ങളുടെ നേര്ക്കാഴ്ച്ചകളുടെയും അടിസ്ഥാനത്തില്‍ കണ്ടു മനസിലാക്കി അക്കാദമിക മോണിറ്ററിംഗ് ചുമതലയുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. പഠനപിന്തുണാപ്രവര്ത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ സ്കൂളില്‍ എത്തുമ്പോള്‍ അധ്യാപകര്‍, പ്രസ്തുത കട്ടികളെ സംബന്ധിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം പരിശോധനയ്ക്ക് ഹാജരാക്കുകയും കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച് വ്യക്തമായ ധാരണ ബോധ്യപ്പെടുത്തുകയും വേണം.
വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ പഠനപിന്തുണാപ്രവര്ത്തനങ്ങളെ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്തി ബന്ധപ്പെട്ട വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കണം. വിദ്യാലയങ്ങള്‍ പഠനപിന്തുണാപ്രവര്ത്തനങ്ങള് ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയില്‍ മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. ജില്ലാതലത്തില്‍ നടന്ന പഠനപിന്തുണാപരിപാടിയുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഡി.ഡി.ഇ. പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
സീമ മോഹന്‍ലാല്‍