ആലപ്പുഴ: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്ര (73)യെ കൊലപ്പെടുത്തിയ സംഭവത്തിൽ കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ അറസ്റ്റിലായത്.
കൊലപാതകവിവരം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഒരു മാസം മുന്‍പ് കാണാതായ സുഭദ്രയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ദന്പതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സുഭദ്രയെ കാണാനില്ലെന്നു മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവര പ്രകാരം വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, വലതുകാൽ, കൈ എന്നിവ ഒടിഞ്ഞിരുന്നു. ഇടതുകൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടിയിരുന്നു. തലയിലേറ്റ പരിക്കാകാം മരണകാരണമെന്നാണു സൂചന.
പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തേ ഉഡുപ്പിയില്‍നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു.
സുഭദ്രയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. കൊലയ്ക്ക് മുന്‍പുതന്നെ വീടിനു പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പോലീസിന് വിവരവും ലഭിച്ചിരുന്നു. വീടിനു പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോലി ചെയ്തതിന്റെ ബാക്കി തുക കൈപ്പറ്റാൻ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന ആരംഭിച്ചതും മൃതദേഹം കണ്ടെടുത്തതും.