സബ്‌വേ ഉപേക്ഷിച്ച് കാല്‍നടക്കാര്‍; നിര്‍മിക്കേണ്ടിടത്ത് സബ്‌വേയുമില്ല; ആളുകള്‍ റോഡില്‍ ഇറങ്ങി നടക്കുന്നതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്

tcr-subwayസ്വന്തംലേഖകന്‍
തൃശൂര്‍: നഗരത്തില്‍ അത്യാവശ്യമായി വേണ്ട സ്ഥലങ്ങളില്‍ സബ്‌വേ ഇല്ല, ഉള്ള സ്ഥലങ്ങളിലാകട്ടെ ആളുകള്‍ ഉപയോഗിക്കുന്നുമില്ല. തൃശൂര്‍ സ്വരാജ് റൗണ്ടിലുള്ള രണ്ട് സബ്‌വേകളിലൂടെ റോഡ് മറികടന്ന് പോകാനുള്ള സൗകര്യങ്ങളുണ്ടായിട്ടും വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന പോരായ്മകള്‍ നിലനില്‍ക്കുമ്പോള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സബ്‌വേകള്‍ പണിയാതിരിക്കുന്നതിനെ കുറിച്ചും വിമര്‍ശനമുയരുന്നു.

കഴിഞ്ഞ ദിവസം റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബസിടിച്ച് വീട്ടമ്മ മരിക്കാനിടയായ എംഒ റോഡിലാണ് ഏറ്റവും ആദ്യം സബ്‌വേ നിര്‍മാണം നടത്തേണ്ടിയിരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളാണ് സീബ്രാ ലൈന്‍ വഴിയും അല്ലാതെയും എംഒ റോഡ് ക്രോസ് ചെയ്യുന്നത്. പലപ്പോഴും ആളുകള്‍ വാഹനമിടിച്ച് മരിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നു മാത്രം. നിലവില്‍ ബാറ്റ ജംഗ്ഷനു സമീപത്തു നിന്ന് പൂരപ്പറമ്പിലേക്കാണ് ലക്ഷങ്ങള്‍ മുടക്കി സബ്‌വേ നിര്‍മിച്ചത്. അന്നും ഏറ്റവും അത്യാവശ്യം എംഒ റോഡിലാണ് സബ്‌വേ നിര്‍മിക്കേണ്ടതെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് വകവയ്ക്കാതെ നിര്‍മിച്ച സബ്‌വേ ഇപ്പോള്‍ കാര്യമായ ഉപയോഗമില്ലാതെ കിടക്കുകയാണ്.

റോഡ് ക്രോസ് ചെയ്യുന്നവര്‍ തന്നെ സബ്‌വേ ഉപയോഗിക്കാതെയാണ് പോകുന്നത്. എന്നാല്‍ നിരവധിയാളുകള്‍ കൂട്ടത്തോടെ റോഡ് ക്രോസ് ചെയ്യുന്ന എംഒ റോഡില്‍ സബ്‌വേ വേണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കും കോര്‍പറേഷനിലേക്കും മാര്‍ക്കറ്റിലേക്കുമൊക്കെ വരുന്നവര്‍ക്ക് റോഡ് ക്രോസ് ചെയ്‌തേ പറ്റൂ. സീബ്രാ ലൈനാകട്ടെ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്വരാജ് റൗണ്ടില്‍ നിന്ന്് എംഒ റോഡിലേക്ക് തിരിയുന്ന വളവിന്റെ അടുത്തു തന്നെയാണ് സീബ്രാ ലൈനും വരിച്ചിരിക്കുന്നത്. ഇതിനാല്‍ വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ ആളുകള്‍ റോഡിലൂടെ കടക്കുന്നതു കണ്ട് പെട്ടന്ന് ബ്രേക്ക ചെയ്യുന്നതും അപകടകാരണമാകുന്നുണ്ട്. കൂടാതെ വളവില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ പിന്നില്‍ വാഹനങ്ങളുടെ നിര തന്നെ ഉണ്ടാകാറുണ്ട്. ഇത് സ്വരാജ് റൗണ്ടില്‍ ഗതാഗത കുരുക്കിന് പലപ്പോഴും കാരണമാകുന്നുണ്ട്.

നിലവില്‍ സ്വരാജ് റൗണ്ടില്‍ ബാറ്റ ജംഗ്ഷനു സമീപവും പാറമേക്കാവ് ക്ഷേത്രത്തിനു സമീപവുമാണ് സബ്‌വേകള്‍ ഉള്ളത്. ഇതില്‍ പാറമേക്കാവ് ജംഗ്ഷനിലുള്ള സബ്‌വേ മാത്രമാണ് ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സ്വരാജ് റൗണ്ടില്‍ നായ്ക്കനാല്‍ ജംഗ്ഷനില്‍ സബ്‌വേ അത്യാവശ്യമാണെങ്കിലും ഇവിടെ ഇതുവരെ അതിനുള്ള നടപടികളെടുത്തിട്ടില്ല. ബൈക്കില്‍ സഞ്ചരിച്ചിരുന്ന സ്ത്രീ ഇവിടെ വാഹനമിടിച്ച് മരിച്ച സംഭവമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയെന്നു മാത്രം. സിഗ്നലില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പെട്ടന്ന് എടുക്കുമ്പോള്‍  അപകടങ്ങളുണ്ടാകുന്നതും നിത്യസംഭവങ്ങളായി മാറുന്നുണ്ട്.

ഇവിടെയും എംഒ റോഡ് ജംഗ്ഷനിലും അത്യാവശ്യമായി സബ്‌വേകള്‍ നിര്‍മിച്ചാല്‍ നഗരത്തിലെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാനാകും. കൂടാതെ കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡിന്റെ അപ്പുറത്ത് എത്താനും സാധിക്കുമെന്ന് ട്രാഫിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related posts