കാസർഗോഡ്: അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. മഞ്ചേശ്വരം കടമ്പാറിലെ പെയിന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (30), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്നു പുലര്‍ച്ചെയാണ് മംഗളുരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
വോർക്കാടി ബേക്കറി ജംഗ്ഷനിലെ സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കന്നഡ മീഡിയം വിഭാഗത്തിലെ അധ്യാപികയാണ് ശ്വേത.അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു.തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. മോനെ കുറച്ച് നേരം നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്.
പിന്നീട് രണ്ടു പേരും കളനാശിനി കഴിക്കുകയായിരുന്നു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം. അജിത്ത് ചില സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പലിശക്ക് പണം കടം വാങ്ങിയിട്ടുണ്ടെന്നും ബ്ലേഡ് മാഫിയകൾ അജിത്തിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും ചില സംഘം കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയതായും നാട്ടുകാർ പറയുന്നു.മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.