ആലപ്പുഴ: തുറവൂര്‍ ടിഡി ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടണക്കാട് മേനാശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. ഞായറാഴ്ച തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലുള്ളില്‍ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
ആള്‍ക്കൂട്ട വിചാരണ നേരിടുന്നതിന്റെയും പോലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും പരസ്യവിചാരണ നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഎസ്ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ കുടുംബാംഗങ്ങള്‍ എത്തിയാണ് കൊണ്ടുപോയത്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയാണ് തുറവൂരിലെ ടിഡി ക്ഷേത്രക്കുളത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ശ്രീകോവിലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് കരുതിയതെന്നാണ് പോലീസ് നല്കുന്ന വിവരം. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ബലപ്രയോഗത്തിനപ്പുറം അകാരണമായി സമ്പത്തിനെ മര്‍ദിച്ചിട്ടില്ലെന്നാണ് സംഭവത്തെക്കുറിച്ച് കുത്തിയതോട് പോലീസ് നല്കുന്ന വിശദീകരണം.
സമ്പത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത് പിന്നീടാണെന്നും പോലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത സമ്പത്തിനെ അന്നുതന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി വീട്ടിലേക്ക് അയച്ചെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പട്ടണക്കാട് പോലീസ് അറിയിച്ചു.

