കുന്നംകുളം (തൃശൂർ): പോലീസിന്റെ ക്രൂരമർദനത്തിനിരയായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്തിന്റെ വിവാഹം ഇന്നു രാവിലെ നടന്നു. ചൂണ്ടൽ പുതുശേരി സ്വദേശി തൃഷ്ണയാണു വധു. രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണു താലികെട്ട് നടന്നത്.
തുടർന്ന് ചൊവ്വന്നൂർ കെ.ആർ. നാരായണൻ കമ്യൂണിറ്റി ഹാളിൽ വിവാഹച്ചടങ്ങുകൾ നടന്നു. മുൻ എംപി ടി.എൻ. പ്രതാപൻ, ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ എംഎൽഎ അനിൽ അക്കര, നേതാക്കളായ സന്ദീപ് വാര്യർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം കുന്നംകുളത്ത് നടന്ന സമ്മേളനത്തിൽ ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്റെ രണ്ടുപവൻ സ്വർണമാല വേദിയിൽവച്ച് സുജിത്തിനു വിവാഹസമ്മാനമായി നൽകിയിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ കെ.സി. വേണുഗോപാൽ എംപി സമ്മാനമായി സ്വർണമോതിരവും നൽകി. ഒരു വർഷം മുന്പ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് വൻ വിവാദമായത്.

