തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പേട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അടുത്തയാഴ്ച പേട്ട പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
ഐബി ഉദ്യോഗസ്ഥയുമായി പ്രണയത്തിലായിരുന്നപ്പോള്‍ സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിലും എറണാകുളത്തെ താമസ സ്ഥലത്തും ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ചും സുകാന്ത് പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഈ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ സുകാന്ത് രണ്ട് യുവതികളെ കൂടി ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നു പോലീസ് കോടതിയില്‍ നല്കിയ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകാന്തിനോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയെയും ഐഎഎസ് കോച്ചിംഗിന് പഠിക്കുന്ന യുവതിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
രണ്ട് മാസം മുന്‍പാണ് ഐബി ഉദ്യോഗസ്ഥയെ ചാക്കയ്ക്ക് സമീപത്തെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്ത് വിവാഹ വാഗ്ദാനം നല്കിയ ശേഷം പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായത്. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നും നിരന്തരം സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൊച്ചി ഡിസിപിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പേട്ട പോലീസ് കൊച്ചിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കി. ജൂണ്‍ എട്ട് വരെ കോടതി ഇയാളെ റിമാൻഡ് ചെയ്തു.