മാണ്ഡ്യയില്‍ കളിമാറുന്നു, സൂപ്പര്‍താരങ്ങളായ യാഷിനെയും ദര്‍ശനെയും ഇരു വശത്തുമിരുത്തി സുമലത സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു, കുമാരസ്വാമിയുടെ മകന്റെ കാര്യം പരുങ്ങലില്‍, മാണ്ഡ്യയില്‍ പണികിട്ടിയാല്‍ കോണ്‍ഗ്രസ് മൈസൂരില്‍ അനുഭവിക്കുമെന്ന് ജെഡിഎസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്‌സരിക്കുമെന്ന് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്‌സരിക്കുകയെന്നും സുമതല വ്യക്തമാക്കി. മാണ്ഡ്യയില്‍ നേരിട്ടു കണ്ടവരെല്ലാം പറഞ്ഞത് അംബരീഷില്‍ അവര്‍ക്കുള്ള വിശ്വാസം എന്നിലുമുണ്ട് എന്നാണ്.

അങ്ങനെ അംബരീഷിന്റെ ഓര്‍മകള്‍ സജീവമായി നിലനിര്‍ത്താന്‍ സാധിക്കും. ഈ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. അംബരീഷിന്റെ പാരമ്പര്യം തുടരുന്നതിനു വേണ്ടിയാണ് ഈ നടപടി -സുമലത പറഞ്ഞു. കന്നഡയിലെ സൂപ്പര്‍താരങ്ങളായ യക്ഷിനെയും ദര്‍ശനയും ഇടതും വലതും ഇരുത്തിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം സുമലത പ്രഖ്യാപിച്ചത്.

ഇരുപതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും എന്നും അറിയിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖില്‍ ഗൗഡ ആണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് മണ്ഡ്യയിലെ സ്ഥാനാര്‍ത്ഥി. അതേസമയം കന്നട സിനിമ രംഗം പൂര്‍ണമായും സുമലതയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ ആണ് സാധ്യത.

ബിജെപി യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു എങ്കിലും മാണ്ഡ്യയില്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാണ്ഡ്യയില്‍ ജെഡിഎസിന് പണി കൊടുത്താല്‍ മറുപടി മൈസൂരില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ജെഡിഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്.

Related posts