സിംഗപ്പുര്‍: ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ചൈനയുടെ 12കാരി യു സീദി. സ്കൂള്‍ വിദ്യാര്‍ഥിയായ യു സീദി, ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് കുറിച്ചത്. വനിതകളുടെ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലം നേടിയ ചൈനീസ് ടീമിന്റെ ഭാഗമായി യു സീദി ചരിത്രത്താളില്‍ ഇടം നേടി.
ഹീറ്റ്സില്‍ മാത്രമാണ് യു സീദി മത്സരിച്ചത്. 1986ല്‍ കാനഡയുടെ ആലിസണ് ഹിംഗ്സണ് 13-ാം വയസില്‍ വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെങ്കലം നേടിയതിന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ ഇനങ്ങളിലും ഈ 12കാരി മത്സരിച്ചിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും മെഡ് ലെയിലും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ചൈനീസ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റർ മെഡ്ലെയില് 2:10.63 സെക്കന്‍ഡില്‍ രണ്ടാമത് ഫിനിഷ് ചെയ്തു. 12 വയസുള്ള ഒരു താരത്തിന്റെ ലോക റിക്കാര്‍ഡ് സമയമായിരുന്നു അത്.