കോതമംഗലം: ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു.
ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോള്‍, ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.
ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.