കൊച്ചി: കോതമംഗലത്ത് ടിസിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍.
കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു.
കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി.
റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.