എട്ടാം വയസില്‍ മാതാപിതാക്കള്‍ മറ്റൊരാള്‍ക്ക് വിറ്റ പെണ്‍കുട്ടി തിരിച്ചെത്തിയത് പതിനാറാം വയസില്‍; ചെറു പ്രായത്തില്‍ തന്നെ നാലു മക്കളുടെ അമ്മയാകേണ്ടി വന്ന പതിനാറുകാരിയുടെ കഥ…

ലക്‌നൗ: പിഞ്ചു ബാലികമാരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഓരോദിവസം കഴിയുംതോറും ഇന്ത്യയുടെ ഉറക്കം കെടുത്തുകയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കൂടുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് തന്നെ അപമാനകരമാണ്. എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ വിറ്റൊഴിവാക്കിയ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കുരുന്നുപ്രായത്തില്‍ ഈ പീഡനങ്ങള്‍ക്കിരയായത്.

2010ല്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ഒരാള്‍ക്ക് വിറ്റ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. അന്ന് ഈ കുട്ടിയ്ക്ക് എട്ടു വയസാണുണ്ടായിരുന്നത്. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് വിറ്റതായും പറയുന്നുണ്ട്. എന്നാല്‍, അവരെക്കുറിച്ച് വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്.

എട്ടാം വയസ്സുമുതല്‍ അവിടെനിന്ന് രക്ഷപ്പെടുന്നതുവരെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതിനിടെ താന്‍ നാലുതവണ പ്രസവിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍, രണ്ടാനമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് പൊലീസ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങിയതായി നഖാസ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍വേന്ദ്ര കുമാര്‍ ശര്‍മ പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായും പെണ്‍കുട്ടി പ്രസവിച്ചതായും തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇപ്പോള്‍ ബന്ധുവായ ജുനൈദ് ആര്‍ഷിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി. തിങ്കളാഴ്ച പെണ്‍കുട്ടിയെ മറ്റൊരു ബന്ധു ജുനൈദിന്റെ അടുത്തെത്തിക്കുകയായിരുന്നു. താന്‍ നേരിട്ട ക്രൂരപീഡന കഥ പെണ്‍കുട്ടി പറഞ്ഞതു കേട്ട് തരിച്ചുപോയെന്ന് ജുനൈദ് പോലീസിനോടു പറഞ്ഞു. ട്രക്ക് െ്രെഡവറാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മക്കളെ അനുയോജ്യരായവര്‍ക്ക് വിവാഹം ചെയ്തു കൊടുത്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. യഥാര്‍ഥത്തില്‍ വില്‍ക്കുകയാണ് ചെയ്തത്.

അമ്മയുടെ മരണശേഷം 2010ല്‍ അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് താനും അനിയത്തിമാരും പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. നാല് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളായിരുന്നു വീട്ടിലുണ്ടായിരുന്നത്. തന്നെയും രണ്ടനിയത്തിമാരെയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് അച്ഛന്‍ കൊണ്ടുപോയി. അവിടെവച്ചാണ് 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റതെന്ന് പെണ്‍കുട്ടി പറയുന്നു. ഇക്കാലത്തിനിടെ, താന്‍ നാലുതവണ പ്രസവിച്ചുവെന്നും അതില്‍ രണ്ടുകുഞ്ഞുങ്ങള്‍ മരിച്ചുപോയെന്നും പെണ്‍കുട്ടി പൊലീസിനോട് വിശദീകരിച്ചു.

 

Related posts