ശ്രീനഗർ: അരുന്ധതി റോയി ഉൾപ്പെടെ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവത്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയവ ഉന്നയിച്ചാണ് പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.
അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കാഷ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളില്‍നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നതായും ഉത്തരവില്‍ വ്യക്തമാക്കി. ഈ പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി