അഹമ്മദാബാദ്: ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണു പിടിയിലായത്.
ഒരാൾ തെലുങ്കാന സ്വദേശിയും രണ്ടു പേർ ഉത്തർപ്രദേശിൽനിന്നുള്ളവരുമാണ്. പ്രതികൾ ഗുജറാത്തിൽ ആയുധങ്ങൾ കൈമാറാൻ എത്തിയതായിരുന്നെന്ന് എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാന്ധിനഗറിലെ അദ്ലാജിൽനിന്നു ഹൈദരാബാദ് സ്വദേശി ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദിനെ മൂന്ന് പിസ്റ്റളുകൾ, 30 ലൈവ് കാട്രിഡ്ജുകൾ, നാല് ലിറ്റർ കാസ്റ്റർ ഓയിൽ എന്നിവയുമായി അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയായിരുന്നെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡിഐജി സുനിൽ ജോഷി പറഞ്ഞു.
സയ്ദിന്റെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സുഹെൽ, ആസാദ് സുലൈമാൻ ഷെയ്ഖ് എന്നിവരെ പിടികൂടിയത്. പാക് അതിർത്തിയിൽനിന്നും ഡ്രോൺ വഴിയാണ് ആയുധങ്ങൾ ലഭിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തിയതായി എടിഎസ് പറയുന്നു.

