ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കിക്ക് ഇന്ത്യ നൽകിയ “സ്വീകരണത്തെ’ വിമർശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. സമൂഹമാധ്യമമായ എക്സിലായിരുന്നു അക്തറിന്റെ പ്രതികരണം. “ലോകം ഭയക്കുന്ന ഭീകരസംഘടനയായ താലിബാന്റെ പ്രതിനിധിക്ക്, എല്ലാത്തരം തീവ്രവാദങ്ങളെയും എതിർത്തു പ്രസംഗിക്കുന്നവർ നൽകിയ ബഹുമാനവും സ്വീകരണവും കാണുമ്പോൾ ഞാൻ ലജ്ജ കൊണ്ടു തല കുനിക്കുന്നു.’ അക്തർ കുറിച്ചു.
വ്യാഴാഴ്ച ഡൽഹിയിൽ വന്നിറങ്ങിയ മുത്തഖിക്ക് “ഭക്തിനിർഭരമായ സ്വീകരണം’ നൽകിയതിന് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദിയോബന്ദിനെയും അക്തർ ശക്തമായ ഭാഷയിൽ വിമർശിച്ചു.
“പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചവരിൽ ഒരാളായ “ഇസ്ലാമിക് ഹീറോ’യ്ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയതിൽ ദിയോബന്ദിനോടു ലജ്ജ തോന്നുന്നു. എന്റെ ഇന്ത്യൻ സഹോദരീ സഹോദരന്മാരെ നമുക്ക് എന്താണ് സംഭവിക്കുന്നത്…’ അക്തർ പറഞ്ഞു.
2021-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യയിലേക്കുള്ള ഒരു താലിബാന് നേതാവിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല. കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുന്നതിനായി വാദിക്കുകയും ചെയ്യുന്നുണ്ട്.
ഡൽഹിയിൽ മുത്തഖിയുടെ മാധ്യമ സംവാദത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്താത്തതിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്ത്രീകളുടെ അസാന്നിധ്യം അസ്വീകാര്യവും “സ്ത്രീകളോടുള്ള അപമാനവുമാണെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചിരുന്നു. നിരവധി മാധ്യമസംഘടനകളും അഫ്ഗാൻ വിദേശകാര്യമന്ത്രിയെ വിമർശിച്ചു.