സ്ത്രീ 2 ല്‍ താന്‍ അഭിനയിച്ച ആജ് കി രാത്ത് എന്ന ഗാനത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്വീകാര്യത തുറന്നു പറഞ്ഞ് നടി തമന്ന ഭാട്ടിയ. ‘ആജ് കി രാത്ത്’ കാണുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാര്‍ പറയാറുണ്ടെന്ന് താരം ദി ലല്ലന്‍ടോപ്പിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ സിനിമകളുടെയും ഗാനങ്ങളുടെയും തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. എന്നാല്‍ ഈ പരാമര്‍ശം അമ്മമാരെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ഷോയുടെ അവതാരകന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കാൻ തന്റെ പാട്ട് കാരണമെന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്നാണ് തമന്ന ഇതിന് മറുപടിയായി പറഞ്ഞത്.
ഒന്നോ രണ്ടോ വയസില്‍ അവര്‍ക്ക് എന്ത് വരികളാണ് മനസിലാകാന്‍ പോകുന്നത്. അതില്‍ സംഗീതമുണ്ട്. നമ്മള് സിനിമകള്‍ മറക്കും, പക്ഷേ പാട്ടുകള്‍ ഓര്‍ക്കും. അതാണ് വാസ്തവം. തങ്ങളുടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് അമ്മമാരുടെ ആശങ്ക. എന്റെ സിനിമകളും ഗാനങ്ങളും പ്രേക്ഷകരുടെ ജീവിതത്തില്‍ ഒരു സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
2024ല്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രമായ സ്ത്രീ 2വിലെ ആജ് കി രാത്ത്… എന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രദ്ധ കപൂര്‍, രാജ്കുമാര് റാവു, പങ്കജ് ത്രിപാഠി, അഭിഷേക് , അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആഗോളതലത്തില്‍ 900 കോടി രൂപ നേടുകയും 2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തിരുന്നു.