ഒമ്പതാംക്ലാസില്‍ സ്‌കൂളിന്റെ പടിയിറങ്ങി ! 13-ാം വയസില്‍ അമ്മ നല്‍കിയ 10000 രൂപയുമായി ആദ്യ കമ്പനി തുടങ്ങി;ഇപ്പോള്‍ ഇന്ത്യന്‍ സംരംഭകരുടെ പട്ടികയില്‍ ആറാം സ്ഥാനം;21കാരന്‍ പയ്യന്‍ അയാന്‍ ചൗള ഒരു സംഭവമാണ്…

ഉല്ലസിച്ചു നടക്കേണ്ട പ്രായത്തിലാണ് അയാന്‍ ചൗളയ്ക്ക് ബോധോയമുണ്ടാകുന്നത്. ആ സമയത്ത് ഒമ്പതാംക്ലാസിലായിരുന്ന ചൗള അപ്പോള്‍ തന്നെ സ്‌കൂളിന്റെ പടിയിറങ്ങി. പിന്നെ കണ്ടത് ആ പതിമൂന്നുവയസു മാത്രം പ്രായമുള്ള ബാലന്‍ ഒരു കമ്പനി തുടങ്ങുന്നതാണ്. ഡല്‍ഹിയിലെ വീട്ടുമുറിയില്‍ ആരംഭിച്ച കമ്പനി ഇന്ന് കോടികളുടെ വിറ്റുവരവോടെ നാല് വിദേശ രാജ്യങ്ങളിലടക്കം ശാഖകളുമായി മുന്നേറുന്നു. മികച്ച സംരംഭകനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടു തവണ നേടിയ അയാന്‍ ചൗളയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും വമ്പന്‍ സംരംഭകര്‍ക്കു പോലും അദ്ഭുതവും പ്രചോദനവുമാണ്.

അയാന് എട്ടു വയസുള്ളപ്പോഴാണ് ഫാഷന്‍ ഡിസൈനറായ അമ്മ കുഞ്ചം ചൗള മകനൊരു പേഴ്‌സണല്‍ കംമ്പ്യൂട്ടര്‍ സമ്മാനിക്കുന്നത്. 2005ല്‍ ആയിരുന്നു അത്. മറ്റു കുട്ടികള്‍ ഈ അവസരം ഗെയിമുകള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായിരുന്നു അയാന് താല്‍പര്യം. ചെറുപ്രായത്തില്‍ തന്നെ വീഡിയോ എഡിറ്റിംഗില്‍ അവന്‍ സമര്‍ഥനായി. സ്വന്തമായി ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങി. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ പഠിക്കാനായി ഡസന്‍ കണക്കിനു പുസ്തകങ്ങള്‍ വായിച്ചു. ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു.

കേവലം പതിമൂന്നു വയസുള്ളപ്പോള്‍ അമ്മ നല്‍കിയ പതിനായിരം രൂപ മൂലധനവുമായി ആദ്യത്തെ കമ്പനി സ്ഥാപിച്ചു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ഗ്രൂപ്പ് ഫോര്‍ ബഡീസ്’ ആയിരുന്നു ആദ്യം തുടക്കം കുറിച്ച സ്ഥാപനം. സംരംഭത്തിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഓപ്പണ്‍ സ്‌കൂളിന്റെ സഹായത്താലാണ് പരീക്ഷ എഴുതിയത്.

ഒരു കൗമാരക്കാരന്റെ സംരംഭത്തെ തുടക്കത്തിലാരും കാര്യമായി ഗൗനിച്ചില്ല. എന്നാല്‍ അയാന്‍ ആളു ചില്ലറക്കാരനല്ല എന്ന് തിരിച്ചറിഞ്ഞതോടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. 2011 ല്‍ ഐടി സൊലൂഷന്‍ കമ്പനി ‘ഏഷ്യന്‍ ഫോക്‌സ് ഡവലപ്‌മെന്റ്‌സ്’ ആരംഭിച്ചു. 2013 ല്‍ രണ്ടു കമ്പനികള്‍ കൂടി തുടങ്ങി. വെബ് സൊലൂഷന്‍ കമ്പനി ‘ഗ്ലോബല്‍ വെബ് മൗണ്ടും’ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ‘മൈന്‍ഡ് ഇന്‍ അഡ്വര്‍ടൈസിങ്ങും’. പതിനെട്ടു വയസ് പൂര്‍ത്തീകരിക്കുമ്പോള്‍ അയാന്‍ ചൗളയ്ക്ക് ലോകമെമ്പാടുമായി ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും ഹോങ്കോങ്ങിലും തുര്‍ക്കിയിലും അയാന്റെ ബിസിനസ് സംരംഭങ്ങളുടെ ശാഖകളുണ്ട്.

ഇതിനോടകം മികച്ച സംരംഭകനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അയാനെ തേടിയെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആശംസാസന്ദേശവുമെത്തി. ഇന്ത്യയിലെ സ്‌കൂളുകളില്‍ വിവര സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനായി അയാന്‍ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. നിരവധി കോണ്‍ഫറന്‍സുകളിലും സംരംഭകരുടെ സംഗമങ്ങളിലും അതിഥിയായി പങ്കെടുത്ത അയാന്റെ വാക്കുകള്‍ നിരവധി ആളുകളെ പ്രചോദിപ്പിക്കുന്നു.

താന്‍ ചെയ്യുന്ന കര്‍മ്മ മേഖലയെക്കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും അക്ഷീണം പരിശ്രമിക്കാനുള്ള മനോഭാവവുമുള്ളവര്‍ക്ക് ജീവിത വിജയം നേടാനാവുമെന്ന പാഠം അയാന്‍ ചൗളയിലൂടെ നമുക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി അറിയപ്പെടുന്ന അയാന്‍ 2014 ല്‍ ജനപ്രിയരായ ഇന്ത്യന്‍ സംരംഭകരുടെ പട്ടികയില്‍ ആറാം സ്ഥാനത്തും ആഗോളതലത്തില്‍ 288–ാം സ്ഥാനത്തും എത്തിച്ചേര്‍ന്നു. നിരവധി ആളുകള്‍ക്ക് പ്രചോദനമാവുകയാണ് അയാന്റെ ജീവിതം.

Related posts