കൊക്കയാർ: സംസ്ഥാനത്തുതന്നെ പ്രായം കൂടിയ സ്ഥാനാർഥികളിൽ ഒരാളായി ശ്രദ്ധേയനാകുകയാണ് കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ പത്താം വാർഡിൽനിന്നു മത്സരിക്കുന്ന കോശിസാർ. 86 വയസിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് സജീവമാണ് നാരകംപുഴ ഈറ്റയ്ക്കൽ ഇ.എ. കോശി.
കൂട്ടിക്കൽ സിഎംഎസ് എൽപി സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം 33 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ 30 വർഷമായി നാടിന്റെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തന മേഖലയിൽ സജീവമാണ്.
2020ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ നാരകംപുഴ പൗരസമിതിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് കോശിസാർ മത്സരരംഗത്തുള്ളത്.

