ഓസിനോട് സുല്ലിട്ട് തീയേറ്റര്‍ മുതലാളി; കല്യാണമണ്ഡപമാകാതിരിക്കാന്‍ കവിത എഴുതി പ്രതിഷേധം, തിരുവനന്തപുരത്തെ തിയറ്ററില്‍ രാഷ്ട്രീയക്കാരും ബന്ധുക്കളും സിനിമ കാണാനെത്തുന്നത് പത്തു പൈസ മുടക്കാതെ, സംഭവം ഇങ്ങനെ

ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ തലസ്ഥാനത്തെ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മള്‍ട്ടിപ്ലെക്സിന്റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം എഴുതിയ കവിതയിപ്പോള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരായ പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടിക്കറ്റെടുക്കാതെ സന്ദര്‍ശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകള്‍ക്കായി.

തകര്‍ന്നു കൊണ്ടിരിക്കുന്ന സിനിമാ നിര്‍മ്മാണ പ്രദര്‍ശന മേഖലകളെ കുടുതല്‍ തകര്‍ക്കുന്ന മാര്‍ഗം സിനിമാ മേഖലയിലുള്ളവര്‍ തന്നെ ചെയ്യുന്നത് തീര്‍ത്തും അംഗീകരിക്കാന്‍ പറ്റാത്തതാണ്. സ്വന്തം അന്നത്തില്‍ തന്നെയാണിവര്‍ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം എട്ടും പത്തും പേരടങ്ങുന്ന സംഘമായാണ് ചില ഉന്നതര്‍ ഓസിന് സിനിമ കാണാന്‍ എത്തുന്നത്.

തീയേറ്ററിനുള്ളില്‍ വന്നാല്‍ ഇഷ്ടമുള്ള സീറ്റില്‍ കയറിയിരുന്ന് ടിക്കറ്റെടുത്തു വരുന്നവര്‍ക്കു പോലും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ആരെയും അലോസരപ്പെടുത്തി സ്ഥാപനത്തിന്റെ നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാവണ്ട എന്നു കരുതിയാണ് ഇത്രയും നാള്‍ ക്ഷമിച്ചതെന്നും അതെല്ലാ പരിധികളും ലംഘിച്ചതു കൊണ്ടാണ് കവിതയിലൂടെ പ്രതിഷേധമറിയിക്കാന്‍ ഉടമ ഇറങ്ങിത്തിരിച്ചതും. മാത്രവുമല്ല ഇത്തരക്കാര്‍ക്കു വേണ്ടി സ്വന്തം ചിലവില്‍ ടിക്കറ്റെടുത്ത് അവര്‍ക്കു തന്നെ കൊടുത്തു പ്രതിഷേധിക്കാന്‍ കൂടിയാണ് തീരുമാനം.

സിനിമ വ്യവസായത്തെ തകര്‍ക്കുകയും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന ഈ പ്രവര്‍ത്തിയോട് ഒരു കാരണവശാലും ഇനി കണ്ണടച്ചിരിക്കാനാവില്ലെന്നും തീയേറ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.

സിനിമ മേഖലയിലുള്ളവര്‍ സ്വയം തെറ്റുതിരുത്തി വിവേകം പൂര്‍വ്വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ സിനിമകള്‍ കാണിക്കാന്‍ നാളെ തീയറ്ററുകള്‍ ഇല്ലാതെ വരും. ഈ പ്രശ്‌നം കേരളത്തിലെ പ്രദര്‍ശനശാലകള്‍ പൊതുവെ നേരിടുന്ന ഒന്നാണെന്നും അതിനു തടയിട്ടില്ലെങ്കില്‍ പ്രദര്‍ശനശാലകള്‍ ഓരാന്നായി കല്യാണമണ്ഡപങ്ങളായി മാറേണ്ടി വരുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Related posts